Friday, May 3, 2024
keralaNewspolitics

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയില്‍.

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് അറസ്റ്റില്‍.പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം റൗഫിനെ പിടികൂടിയത്. എന്‍ഐഎ സംഘം വീട് വളഞ്ഞാണ് റൗഫിനെ പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. മൂന്നാഴ്ച മുന്‍പാണ് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്നലെ ഇയാള്‍ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് എന്‍ ഐ എ സംഘം വീട് വളഞ്ഞ് റൗഫിനെ അറസ്റ്റ് ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെല്ലാം കഴിഞ്ഞമാസത്തെ പരിശോധനയില്‍ എന്‍ഐഎയുടെ പിടിയിലായിരുന്നു. റൗഫിനായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഒളിവിലായിരുന്ന റൗഫ് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. സംഘടനയുടെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്ന റൗഫിനെ പിടികൂടാന്‍ എന്‍ഐഎ സംഘം കുറച്ചു ദിവസമായി റൗഫിന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും വീടുകള്‍ നിരീക്ഷണത്തിലാക്കിയിരുന്നു.