Saturday, May 4, 2024
keralaNewsObituaryUncategorized

വിസ്മയയുടെ ആത്മഹത്യ; വിധിയില്‍ സന്തോഷമെന്ന് വിസ്മയ അച്ഛന്‍

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷയില് തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛന്‍. മകള്‍ക്ക് നീതി കിട്ടിയെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും വിസ്മയ അച്ഛന്‍ ത്രിവിക്രമന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സര്‍ക്കാരിനോടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞ് പോയെന്നായിരുന്നു വിസ്മയയുടെ അമ്മ സജിത പ്രതികരിച്ചത്. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കമാരിന് 10 വര്‍ഷം തടവാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്.

ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയയുടെ ആത്മഹത്യക്ക് അടുത്ത മാസം 21 ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന വിധി വന്നത് . വിസ്മയയുടെ ആത്മഹത്യ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി. ഭര്‍തൃ പീഡനത്തെ തുടര്‍ന്നാണ് വിസ്മയ ഭര്‍തൃ വീട്ടില്‍ തന്നെ തൂങ്ങിമരിച്ചത്.

ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതല്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു വിസ്മയ .