Tuesday, May 7, 2024
keralaNewsObituary

നായ കുറുകെ ചാടി; സ്‌കൂട്ടര്‍ മറിഞ്ഞ് ഗര്‍ഭിണിക്ക് ദാരുണാന്ത്യം

ആറ്റുനോറ്റു കാത്തിരുന്ന കുഞ്ഞിനു ജന്മം നല്‍കാനാവാതെ റിന്‍സമ്മ യാത്രയായി; ഒപ്പം ആ കുരുന്നും. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ സ്റ്റാഫ് നഴ്സായ കളത്തൂര്‍ കളപ്പുരയ്ക്കല്‍ (വെള്ളാരംകാലായില്‍) റിന്‍സമ്മ ജോണ്‍ (റിന്‍സി 40) ആണ് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ നായ റോഡിനു കുറുകെ ചാടിയതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞു മരിച്ചത്. 7 മാസം ഗര്‍ഭിണിയായ റിന്‍സമ്മ റോഡില്‍ വയറടിച്ചു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിന്‍സമ്മയെയും ഗര്‍ഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ബിജുവിനും (45) പരുക്കേറ്റു. 8 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്കു കുട്ടികളില്ലായിരുന്നു. ഇന്നലെ രാവിലെ ജോലിക്കായി ആശുപത്രിയിലേക്കു പോകുമ്പോള്‍ 6.45നു പാലാ-പൂഞ്ഞാര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കലിലാണ് അപകടം. കുര്യത്ത് ചിക്കന്‍ സെന്റര്‍ നടത്തുകയാണ് ബിജു. നമ്പ്യാകുളം പടിഞ്ഞാറേമലയില്‍ കുടുംബാംഗമാണ് റിന്‍സമ്മ. റിന്‍സമ്മയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും സംസ്‌കാരം ഇന്ന് 3നു കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍.