Saturday, April 27, 2024
keralaNews

ബറോസില്‍ അജിത്തും എത്തുമോ?; മോഹന്‍ലാല്‍ ചെന്നൈയിലേക്ക്.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസില്‍ തമിഴ് സൂപ്പര്‍ താരം അജിത്തും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അജിത്തിനെ കാണാന്‍ മോഹന്‍ലാല്‍ ചെന്നൈയിലേക്ക് തിരിക്കും. സിനിമാ പ്രവര്‍ത്തകനായ എബി ജോര്‍ജിന്റെ ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. ലാലേട്ടന്‍ ഉടന്‍ തന്നെ ചെന്നൈയില്‍ വച്ച് തല അജിത്തിനെ കാണും. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്നും അടുത്ത ആഴ്ചകളില്‍ കൂടിക്കാഴ്ച നടക്കുമെന്നുമാണ് ട്വീറ്റ്.ബറോസിന് വോയിസ് ഓവര്‍ ചെയ്യാനായി മലയാളത്തില്‍ മമ്മൂട്ടി, തമിഴില്‍ നിന്നും അജിത്ത്, ഹിന്ദിയില്‍ ഷാരൂഖ്, തെലുങ്കില്‍ ചിരഞ്ജീവി എന്നിവര്‍ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസിന്റെ കഥയാണ് ചിത്രത്തിനാധാരം. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹല്‍ലാലിന്റെ മകള്‍ വിസ്മയ സംവിധാന സഹായായി ചിത്രത്തില്‍ പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.മോഹന്‍ലാല്‍ തന്നെയാണ് സിനിമയില്‍ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ട്.