Sunday, May 12, 2024
keralaLocal NewsNews

എരുമേലി എടിഎമ്മില്‍ കള്ളനോട്ട് നിക്ഷേപിക്കല്‍ ; കഞ്ചാവ് കച്ചവട സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍.

എരുമേലിയില്‍ എടിഎമ്മില്‍ കള്ളനോട്ട് നിക്ഷേപിച്ച് സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ എരുമേലി പോലീസ് പിടികൂടി . എരുമേലി വയലാപറമ്പ് സ്വദേശി കുഴിക്കാട്ട് വീട്ടില്‍ ഷെഫീക്ക് ( 28 ),വെച്ചുച്ചിറ സ്വദേശി കാവുങ്കല്‍ മണിയന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തമിഴ് നാട്ടിലെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട മറ്റൊരാളുടെ അക്കൗണ്ടിലേക്കാണ് ഇവര്‍ 2000 രൂപ 10 വ്യാജ നോട്ടുകള്‍ എരുമേലി ഫെഡറല്‍ ബാങ്കിന്റെ ടൗണിലുള്ള എടിഎം സിഡിഎം വഴി നിക്ഷേപിക്കുകയായിരുന്നു.കഞ്ചാവ് കച്ചവടക്കാര്‍ക്ക് നല്‍കുന്നതിനായി മണിയന്‍ നല്കിയ വ്യാജനോട്ടുകളാണ് കരിങ്കല്ലുംമൂഴിയിലുള്ള ഒരു സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ഷഫീക്കാണ് നിക്ഷേപിച്ചത്.സിഡിഎം വഴി നിക്ഷേപിച്ച നോട്ടുകള്‍ വ്യാജമായതിനാല്‍ മെഷീനിന്റെ മറ്റൊരു ഭാഗത്താണ് സൂക്ഷിക്കുന്നത് . ഈ സമയം ഷെഫീക്കിന്റെ മൊബൈലില്‍ നിക്ഷേപിച്ച നോട്ടുകള്‍ വ്യാജനോട്ടുകളാണെന്നുള്ള മെസ്സേജ് വരികയും ചെയ്തിരുന്നു. ഇതില്‍ പരിഭ്രാന്തനായ ഷഫീക്ക് ബാങ്കിലെത്തി അധികൃതരോട് അക്കൗണ്ടില്‍ നിക്ഷേപിച്ച പണം ലഭിച്ചില്ലെന്നും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ നോട്ട് നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തത്.പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഐ പി എസ് ന്റെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി. ജെ . സന്തോഷ് കുമാര്‍, എരുമേലി എസ് എച്ച് ഒ. ആര്‍. മധു , എസ്‌ഐമാരായ  പ്രദീപ്
അസീസ്, രംഗനാഥ്, എ എസ് ഐ ബ്രഹ്മദാസ്, സി.പിഒ മാരായ നിയാസ് , ഷാജി ജോസഫ്,സതീശന്‍,ഷാനവാസ്,നൗഷാദ്, ഷീബ, സുനിത എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.