Friday, May 3, 2024
GulfkeralaNews

നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിനു പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് റിജേഷിനെയും ജെഷിയെയും മരണം

ദുബായ് :നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിനു പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് റിജേഷിനെയും ജെഷിയെയും മരണം കവര്‍ന്നത്. വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ നാട്ടില്‍ പോയി വന്നിരുന്നു.11 വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്.കുട്ടികളില്ല. ഡ്രീം ലൈന്‍ ട്രാവല്‍ ഏജന്‍സി റിജേഷിന്റെ സ്വന്തം സ്ഥാപനമാണെന്നു ബന്ധുക്കള്‍ പറഞ്ഞു.കോഴിക്കോട്ടെ മിഠായിത്തെരുവിനു സമാനമായി വ്യാപാര സ്ഥാപനങ്ങളാല്‍ നിറഞ്ഞ മേഖലയാണ് ദുബായിലെ ദെയ്‌റ. മലയാളികളുടെ അടക്കം ആയിരക്കണക്കിനു വ്യാപര സ്ഥാപനങ്ങളിവിടെ ഉണ്ട്. സ്ഥാപനമുടമകളും ജോലിക്കാരുമെല്ലാം ഇതിനു പരിസര പ്രദേശങ്ങളിലാണ് താമസിക്കുന്നത്. 100 കണക്കിന് ബാച്ചിലേഴ്‌സ് അപ്പാര്‍മെന്റുകളുമുണ്ട്. മലയാളികളുടെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ തലാല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്.
പുക ഉയരുന്നതു കണ്ടെങ്കിലും ഇത്ര വലിയ ദുരന്തമാണെന്ന സൂചന പോലും ആദ്യം ഉണ്ടായിരുന്നില്ല. ഇന്ത്യക്കാര്‍ക്കു പുറമെ ആഫ്രിക്കക്കാരും പാക്കിസ്ഥാനികളും ഇവിടെ താമസിക്കുന്നു. പല മുറികളിലും പല തട്ടുകളായി കട്ടിലുകള്‍ ഇട്ട് അഞ്ചും ആറും പേരാണ് താമസിക്കുന്നത്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്.കെട്ടിടത്തിനു പുറത്ത് ആളുകള്‍ കൂട്ടം കൂടിയതോടെ പൊലീസ് എത്തി ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഇതുവഴിയുള്ള ഗതാഗതവും വഴി തിരിച്ചു വിട്ടു.