Thursday, April 25, 2024
keralaLocal NewsNews

എരുമേലി ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് 

എരുമേലി:നിർദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് അനുമതി ലഭിച്ചു.കഴിഞ്ഞ ഏപ്രിൽ 3 ന് ചേർന്ന സ്റ്റീയറിംഗ്  കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സ്റ്റീയറിംഗ് കമ്മറ്റിയുടെ ശുപാർശക്ക് കേന്ദ്ര വ്യോമയാന മന്ത്രി ഏപ്രിൽ 13 ന് അംഗീകാരം നൽകുകയായിരുന്നു. ഇക്കാര്യം സംസ്ഥാന സർക്കാരിനെ രേഖമൂലം അറിയിച്ചു. ശബരിമല തീർത്ഥാടകരുടെ യാത്ര സുഗമമാക്കുകയും സമയ നഷ്ടം ഒഴിവാക്കുകയുമാണ് ശബരിമല വിമാനത്താവളം കൊണ്ട് ലക്ഷ്യമാക്കുന്നത്.
 ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാന്‍ ഉത്തരവിറക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
എരുമേലി തെക്ക്,മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും.3500 മീറ്റര്‍ നീളമുള്ള റണ്‍വെ അടക്കം മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിട്ടുണ്ട്.വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. മണിമല വില്ലേജിലാണ് ഏറ്റവും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുക.2263 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡിപിആര്‍ പദ്ധതി തയ്യാറാക്കിയത്.
അമേരിക്കയിലെ ലൂയിസ് ബര്‍ഗ് എന്ന ഏജൻസിയാണ്  വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്. കെഎസ്‌ഐഡിസിയാണ് ഇവര്‍ക്ക് ചുമതല നല്‍കിയത്. സാങ്കേതിക സാമ്പത്തിക ആഘാത പഠനം നടത്താന്‍ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നല്‍കിയിരിക്കുന്നത്. ഇനി ലഭിക്കാനുള്ളത് എൻവിരോണ്മെന്റ് അനുമതി.
നിർദ്ദിഷ്ട  മേഖലയിൽ  പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു.ഈ റിപ്പോർട്ടും സർക്കാർ സമർപ്പിച്ചു. എന്നാൽ എരുമേലി ശബരിമല വിമാനത്താവള നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
നിർദ്ദിഷ്ട  വിമാനത്താവള പദ്ധതി ,ചെറുവള്ളിത്തോട്ടത്തിനകത്ത് സ്ഥാപിക്കണമെന്നാണ് ഹർജികരുടെ പ്രധാന വാദം. ഹൈക്കോടതി ഹർജി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എരുമേലി –  മണിമല വില്ലേജുകളിൽപ്പെട്ട പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന സ്വകാര്യ വ്യക്തികളാണ് ഹർജി നൽകിയിരിക്കുന്നത്.5000 ത്തിലധികം ഏക്കർ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള പദ്ധതിക്ക് അനുയോജ്യമാണെന്നും ,പദ്ധതിയുടെ പേരിൽ കുടുംബങ്ങളെ ഇറക്കിവിടാനുള്ള തീരുമാനത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്നുമാണ് ഹർജി.
എന്നാൽ വിമാനത്താവള പദ്ധതി പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തിയിരിക്കുന്ന ബിലിവേഴ്സ്  ചർച്ച്  അധികൃതരോട്  കരം അടക്കാൻ  ആവശ്യപ്പെട്ടുവെങ്കിലും വലിയ തുക ആയതിനാൽ കരകടയ്ക്കാൻ തയ്യാറായിട്ടില്ല.പലിശ ഒഴിവാക്കി കരമടയ്ക്കുന്ന വ്യവസ്ഥയാണ് എസ്റ്റേറ്റ് അധികൃതർ പറയുന്നത്. എന്നാൽ ഇതിന്  റവന്യൂ വകുപ്പ് തയ്യാറായിട്ടില്ല.