Saturday, May 4, 2024
keralaNewspolitics

നരേന്ദ്ര മോദിക്കും – രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന്; വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ നരേന്ദ്ര മോദിക്കും – രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കി ഇരുവരും അസത്യ പ്രചാരണം നടത്തുകയാണെന്നും, മോദിയേയും സംഘപരിവാറിനേയും നേരിട്ട് എതിര്‍ക്കാതെ രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.  നരേന്ദ്ര മോദി പറയുന്നു ഞങ്ങള്‍ വിമര്‍ശിക്കുന്നതിനേക്കാള്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ഇടതുപക്ഷം വിമര്‍ശിക്കുന്നുവെന്ന്. നരേന്ദ്ര മോദി, നിങ്ങളുടെ അജണ്ടകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിനെ നിങ്ങള്‍ എന്തിന് എതിര്‍ക്കണം. ഈ രാജ്യം കോണ്‍ഗ്രസില്‍ നിന്ന് അതല്ല പ്രതീക്ഷിക്കുന്നത്. ആ ഭാഗം തുറന്നുകാട്ടുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. മാറ്റം കോണ്‍ഗ്രസിനാണ് വരേണ്ടത്. പക്ഷേ മാറ്റത്തിന്റെ രീതിയിലല്ല അവര്‍ മുന്നോട്ട് പോകുന്നത്.

അവര്‍ കൂടുതല്‍ കൂടുതല്‍ സംഘപരിവാര്‍ മനസ്സിലേക്ക് പോവുകയാണ്. നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഒപ്പം നില്‍ക്കാനുള്ള മനസ്സ് കാണിക്കുമ്പോള്‍ നിങ്ങള്‍ക്ക് നല്ല സന്തോഷമല്ലേ. നിങ്ങള്‍ വിമര്‍ശിക്കേണ്ട കാര്യമില്ലല്ലോ…. പിണറായി പറഞ്ഞു.

മതനിരപേക്ഷത ദുര്‍ബലപ്പെടുന്നതിനെ തങ്ങള്‍ ഗൗരവത്തില്‍ കാണുന്നുവെന്നും കോണ്‍ഗ്രസിന് എന്തു കൊണ്ടാണ് സംഘപരിവാര്‍ മനസ്സ് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ മതനിരപേക്ഷതയുടെ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. ആപത് കാലത്ത് സഹായിക്കാത്ത മോദിയാണ് ഇപ്പോള്‍ കേരളത്തെ സഹായിക്കുമെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.