Sunday, May 5, 2024
keralaNewspolitics

ധര്‍മ്മടത്ത് മത്സരിക്കാന്‍ താനില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ച് കെ.സുധാകരന്‍.

ധര്‍മ്മടത്ത് മത്സരിക്കാന്‍ താനില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ച് കെ.സുധാകരന്‍. മത്സരിക്കാനുളള വിമുഖത കെ.പി.സി.സിയെ അറിയിച്ചതായി കെ.സുധാകരന്‍ പറഞ്ഞു. തന്നെ ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചു. നേരത്തെ അറിയിച്ചിരുന്നെങ്കില്‍ അതിനായുളള തയ്യാറെടുപ്പ് നടത്താമായിരുന്നു. അങ്ങനെ മണ്ഡലത്തില്‍ അട്ടിമറിയുണ്ടാക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മടത്ത് കോണ്‍ഗ്രസിനായി മത്സരിക്കുന്ന രഘുനാഥിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.’കണ്ണൂര്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങള്‍ പിടിച്ചെടുക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിനായി തന്റെ സാന്നിദ്ധ്യം മറ്റ് മണ്ഡലങ്ങളിലും ആവശ്യമുണ്ട്.ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയായാല്‍ അവിടെത്തന്നെ തളച്ചിടപ്പെടും. അത് ദോഷകരമാകുമെന്ന ഡിസിസിയുടെ നിര്‍ദ്ദേശം കൂടി മാനിച്ചാണ് തന്റെ തീരുമാനം. സ്ഥാനാര്‍ത്ഥിയായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ പേര് കെപിസിസി ആലോചിച്ചതില്‍ തെറ്റില്ല. വാളയാര്‍ സംഭവം കേരളമനസാക്ഷിയില്‍ വളരെ മുറിവുണ്ടാക്കിയ സംഭവമാണ്. കൊലയാളികളെ രക്ഷിച്ച സര്‍ക്കാരിന്റെ വികൃതമായ മുഖം വ്യക്തമാക്കിയയാളാണ് ആ അമ്മ. ജനമനസിലേക്ക് കടന്നുവരുന്ന ഘടകമായ ആ അമ്മയെ ഇനിയും ഉപയോഗിക്കും. അതുപയോഗിച്ച് ജനമനസില്‍ ചലനമുണ്ടാക്കും.’ സുധാകരന്‍ വ്യക്തമാക്കി.രഘുനാഥിന്റെയും ഫൈസലിന്റെയും പേര് വാളയാര്‍ ആലോചന വരുന്നതിന് മുന്‍പ് വന്നതാണ്. ഇരിക്കൂറിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ ഉമ്മന്‍ചാണ്ടി എത്തുന്നുണ്ട്. പ്രശ്നങ്ങള്‍ എങ്ങനെ തീര്‍ക്കണമെന്ന് കോണ്‍ഗ്രസിന് അറിയാമെന്നും കെ.സുധാകരന്‍ പറഞ്ഞു. അതേസമയം ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി തീരുമാനം ഡല്‍ഹിയില്‍ നിന്നും അറിയിക്കുമെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിച്ചു.