Saturday, May 4, 2024
indiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ബംഗ്ലാദേശിലേക്ക്

ബംഗ്ലാദേശ് വിമോചനത്തിന്റെ 50-ാം വാര്‍ഷികം; ഷെയ്ഖ് ഹസീനയുടെ ക്ഷണം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ബംഗ്ലാദേശിലേക്ക്

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 26, 27 തീയതികളില്‍ ധാക്കയില്‍ സന്ദര്‍ശനം നടത്തും. ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ദി മുജിബ് ബോര്‍ഷോ; ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ച് 50 വര്‍ഷം;

കൂടാതെ ബംഗ്ലാദേശിന്റെ വിമോചന യുദ്ധത്തിന്റെ അന്‍പതാം വാര്‍ഷികം എന്നീ മൂന്ന് ഐതിഹാസികമായ സംഭവങ്ങളുടെ സ്മരണയുമായി ബന്ധപ്പെട്ടാണ് മോദിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഒടുവില്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചത് 2015 ലാണ്. മാര്‍ച്ച് 26ന് ബംഗ്ലാദേശിലെ ദേശീയദിന പരിപാടിയില്‍ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി മോദി പങ്കെടുക്കും.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഉഭയകക്ഷി കൂടിയാലോചനകള്‍ നടത്തുന്നതിനു പുറമേ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹമീദിനേയും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ മോമെനെയും പ്രധാനമന്ത്രി കാണും. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഒരു വിദേശരാജ്യത്തേക്കുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമായിരിക്കും ബംഗ്ലാദേശ് സന്ദര്‍ശനം. ഇത് ഇന്ത്യ ബംഗ്ലാദേശിനോട് നല്‍കുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.