Monday, May 13, 2024
AgricultureindiaNews

ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡിനിടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ആരോപണവിധേയനായ നടന്‍ ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍.

ചെങ്കോട്ട ആക്രമണങ്ങള്‍ക്ക് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവും സംഘവുമാണ് നേതൃത്വം നല്‍കിയതെന്ന് ആക്ഷേപം വ്യാപകമായിരുന്നു .ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അതെ സമയം കര്‍ഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സിഖ് പതാകയാണ് ഞങ്ങള്‍ ചെങ്കോട്ടയിലുയര്‍ത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ചെങ്കോട്ടയില്‍ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയതെന്നും കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചത് ദീപ് സിദ്ദുവാണെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നും സമൂഹ്യപ്രവര്‍ത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞിരുന്നു .