Thursday, May 9, 2024
keralaNews

നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചു

വനം വകുപ്പ് ജനവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപണം, നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ മണിക്കൂറുകള്‍ തടഞ്ഞു വച്ചു. ബ്ലാത്തിക്കവല മുള്ളരിങ്ങാട് തലക്കോട് റോഡ് പണി വനം വകുപ്പ് അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ ആയിരുന്നു റേഞ്ച് ഓഫിസര്‍ കണ്ണന്‍ ഉള്‍പ്പെടെയുള്ള വനപാലക സംഘത്തെ ജനങ്ങള്‍ സംഘടിച്ച് എത്തി തടഞ്ഞത്. റോഡു പണി തടഞ്ഞു കൊണ്ട് നല്‍കിയ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കാതെ ഉദ്യോഗസ്ഥരെ മോചിപ്പിക്കില്ലെന്ന് നാട്ടുകാര്‍ ശഠിച്ചു.തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ്പി ടി. രാജപ്പന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. വെള്ളക്കയം ബ്ലാത്തിക്കവല റോഡ് പണി വനംവകുപ്പ് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം.