Sunday, May 5, 2024
keralaNews

ദത്തുവിവാദത്തില്‍ അനുപമയുടെ അച്ഛനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും, പാര്‍ട്ടി പരിപാടികളില്‍ നിന്നും നീക്കി.

ദത്തുവിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രന് എതിരെ സിപിഎം നടപടി.പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ജയചന്ദ്രനെ നീക്കി. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന തീരുമാനവും എടുത്തു. സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മറ്റി യോഗത്തില്‍ ജയചന്ദ്രന്‍ വിശദീകരിച്ചു. എന്നാല്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ജയചന്ദ്രന് എതിരെ വലിയ എതിര്‍പ്പുയര്‍ന്നു. വിഷയം ജയചന്ദ്രന് ശരിയായ രീതിയില്‍ കൈകാര്യ ചെയ്യാമായിരുന്നു എന്നാണ് ഉയര്‍ന്ന പൊതുഅഭിപ്രായം.ഇതിന് പിന്നാലെയാണ് ജയചന്ദ്രന്‍ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ലോക്കല്‍ കമ്മിറ്റി തീരുമാനം ഉച്ചയ്ക്ക് ചേരുന്ന ഏര്യാ കമ്മിറ്റി യോഗത്തില്‍ അംഗീകരിക്കും. അതേസമയം സംഭവത്തില്‍ അനുപമയുടെ മൊഴി വനിതാ ശിശുവികസന വകുപ്പ് ഉച്ചയ്ക്ക് രേഖപ്പെടുത്തും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി വി അനുപമയാണ് മൊഴിയെടുക്കുന്നത്. വൈകിട്ട് നാലുമണിക്കാണ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഓഫീസിലെത്താന്‍ നിര്‍ദേശിച്ചത്. കുട്ടിയെ കിട്ടാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി കിട്ടിയ രസീതുകളും മറ്റ് രേഖകളും ഹാജരാക്കാനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് അനുപമയില്‍ നിന്ന് വകുപ്പ് വിവരങ്ങള്‍ തേടുന്നത്.