Thursday, April 25, 2024
keralaNews

ഉത്ര കൊലക്കേസില്‍ മാപ്പ് സാക്ഷിയായിരുന്ന സുരേഷ് ജയില്‍മോചിതനായി.

കൊല്ലം: അഞ്ചല്‍ ഉത്ര കൊലക്കേസില്‍ മാപ്പ് സാക്ഷിയായിരുന്ന സുരേഷ് ജയില്‍മോചിതനായി. താന്‍ ഇനി പാമ്പിനെ പിടിക്കില്ലെന്നും, ഉത്രയുടെ കുടുംബത്തെ കണ്ട് മാപ്പ് പറയുമെന്നും 17 മാസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ സുരേഷ് പറഞ്ഞു. ഉത്രയുടെ അച്ഛനെയും അമ്മയെയും സഹോദരനെയും കണ്ട് കാലില്‍ വീണ് മാപ്പ് പറയുമെന്ന് സുരേഷ് വ്യക്തമാക്കി. കോടതിയില്‍ കാര്യങ്ങളെല്ലാം ബോധിപ്പിച്ചു. പാമ്പിനെ വിറ്റവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയിരുന്നതായും സുരേഷ് പറഞ്ഞു.ഭാര്യയെ കൊല്ലാനാണ് സൂരജ് തന്റെ കൈയില്‍ ഉണ്ടായിരുന്ന മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയതെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് സുരേഷ് പറയുന്നു. സൂരജിന് അനുകൂലമായി കോടതിയില്‍ പറയണമെന്ന് നിരന്തരം മറ്റു തടവുകാരെക്കൊണ്ട് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും കാര്യങ്ങളെല്ലാം സത്യസന്ധമായി കോടതിയെ ബോധിപ്പിച്ചതായും സുരേഷ് പറഞ്ഞു. കേസില്‍ മാപ്പുസാക്ഷിയായിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. സുരേഷ് പ്രതിയായ വനംവകുപ്പിന്റെ കേസുകളില്‍ പുനലൂര്‍ കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചിരുന്നു. ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ ശിക്ഷാവിധി വന്നെങ്കിലും സൂരജും സുരേഷും പ്രതികളായ വനംവകുപ്പിന്റെ കേസ് നടപടികള്‍ കോടതിയില്‍ തുടരുകയാണ്.