Wednesday, May 1, 2024
EntertainmentkeralaNews

കെ.ബി.ഗണേഷ് കുമാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍.

കെ.ബി.ഗണേഷ് കുമാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍. അമ്മ സംഘടനയുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാര്‍ പത്തനാപുരം മണ്ഡലത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയെന്നും മണ്ഡലത്തില്‍ വികസനം നടത്തേണ്ടത് സ്വന്തം എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഗണേഷ് കുമാര്‍ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്തടിസ്ഥാനത്തിലാണ് ഗണേഷ് കുമാര്‍ അങ്ങനെ പറഞ്ഞതെന്നും ഷമ്മിതിലകന്‍ ചോദിച്ചു. താര സംഘടനയ്ക്കെതിരേ ഗണേഷ് കുമാര്‍ നടത്തിയ വിമര്‍നത്തിന്റെ പകുതി പോലും താന്‍ ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.തന്റെ അച്ഛന്‍ തിലകനോടുള്ള ദേഷ്യത്തിന്റെ പേരില്‍ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേഷ് കുമാറെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.തന്നെക്കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനാപുരം എംഎല്‍എയ്ക്ക് എങ്ങനെ ഇവിടെയുള്ള കാര്യത്തെക്കുറിച്ച് ധാരണ ഉണ്ടായി. ഗണേഷ് കുമാറിന്റെ ബന്ധുവായ ഡിവൈഎസ്പിയാണ് തനിക്കെതിരെ കേസുകള്‍ ഉണ്ടാക്കിയത്. ആ പേര് പറയുന്നില്ല. അയല്‍ക്കാരെക്കുറിച്ചുള്ള പ്രശ്‌നത്തെക്കുറിച്ച് ഒരു ചാനല്‍ ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്ത് പോയിട്ടുള്ളതാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.
“അമ്മ’ മാഫിയ സംഘമാണെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞതും കള്ളമാണ്. ‘അമ്മ’ മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാര്‍ തന്നെ പറഞ്ഞതാണ്. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയില്‍ ഉള്ളവരെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും ഷമ്മി തിലകന്‍ ആരോപിച്ചു.

അമ്മയില്‍ ഭാരവാഹിയായിരിക്കാനുള്ള ഏക നിബന്ധന മറ്റ് സംഘടനകളില്‍ അംഗമാകരുതെന്നാണ്. എന്നാല്‍ ഗണേഷ്‌കുമാര്‍ ടിവി സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ആജീവനാന്ത പ്രസിഡന്റാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അച്ഛന്‍ തിലകനോട് കാട്ടിയത് തന്നെയാണ് അമ്മ താരസംഘടന തന്നോടും കാണിക്കുന്നതെന്നും തന്റെ പോരാട്ടം അനീതിക്കെതിരെയാണെന്നും ഷമ്മി മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞദിവസം താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം അമ്മ എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്.