Sunday, April 28, 2024
indiaNewspolitics

തുടര്‍ഭരണത്തിന് ചുക്കാന്‍ പിടിച്ച്: ഗോവയില്‍ വീണ്ടും പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകും

പനാജി: തുടര്‍ഭരണത്തിന് ചുക്കാന്‍ പിടിച്ച് ഗോവയില്‍ വീണ്ടും ഡോ.പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രിയായി തുടരും.  പനാജിയില്‍ നടന്ന കേന്ദ്ര നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ബിജെപി കേന്ദ്ര നിരീക്ഷകരായ നരേന്ദ്ര സിംഗ് തോമര്‍, എല്‍ മുരുകന്‍, നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസ്, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സദാനന്ദ് ഷേത് തനവാഡെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

വിശ്വജിത്ത് റാണെയാണ് മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിന്റെ പേര് മുന്നോട്ട് വെച്ചത്. ഈ തീരുമാനം യോഗം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നുവെന്ന് നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ഗോവയെ പ്രമോദ് സാവന്ത് തന്നെ നയിക്കുമെന്നും തോമര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത 5 വര്‍ഷം ഗോവ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രമോദ് സാവന്ത് നന്ദി അറിയിച്ചു. ഗോവയിലെ ജനങ്ങള്‍ തന്നെ അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. സാധ്യമായതെല്ലാം താന്‍ ജനങ്ങള്‍ക്കായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേലിം നിയമസഭാ മണ്ഡലത്തില്‍ നിന്ന് 600ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രമോദ് സാവന്ത് വിജയിച്ചത്.