Monday, May 13, 2024
keralaNews

അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

ഇടുക്കി: അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. കുടയത്തൂര്‍ സ്വദേശി ശശികുമാറാണ് അറസ്റ്റിലായത്. കേസില്‍ പ്രതി രാജേഷിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത അന്ധ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും, പിന്നീട് പണം നല്‍കി ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷമാണ് അന്ധവിദ്യാലയത്തിലെ വാച്ചറായ രാജേഷ് പിടിയിലായത്. സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനെതിരെ നടപടിയെടുക്കാതെ മാനേജ്മെന്റും ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു.

ഒരു വര്‍ഷം മുന്‍പായിരുന്നു പീഡനം. വിവരം പുറത്തറിയും മുന്‍പ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ പ്രതി ആരംഭിച്ചിരുന്നു. പീഡനത്തിനിരയായ കുട്ടിയുടെ സഹായിയ്ക്ക് പണം നല്‍കിയായിരുന്നു തുടക്കും. പിന്നീട് ഇയാള്‍ കുട്ടിയുടെ സഹോദരനെ സ്വാധീനിച്ചു. ജനുവരി 26ന് പെണ്‍കുട്ടിയുടെ കുടുംബത്തെ സ്‌കൂളില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കി.

സംഭവം പോലീസില്‍ പറയാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്ന് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്ന സംഘടനയുടെ അംഗങ്ങളാണ് ഇതിനെതിരെ ഡിജിപിക്കടക്കം പരാതി നല്‍കിയത്. പിന്നാലെയാണ് അട്ടിമറി നീക്കങ്ങളും സ്‌കൂള്‍ പ്രിന്‍സിപ്പാളിന് ഇതിന് പിന്നിലുള്ള പങ്കും പുറത്തായത്.