Saturday, May 4, 2024
indiaNewsObituarySports

തീപിടിത്തം: ക്രിക്കറ്റ് താരം പോള്‍ വാല്‍ത്താട്ടിയുടെ സഹോദരിയും മകനും മരിച്ചു

മുംബൈ : മുന്‍ ഐപിഎല്‍ താരം പോള്‍ വാല്‍ത്താട്ടിയുടെ സഹോദരിയും മകനും തിങ്കളാഴ്ച കാന്തിവ്ലിയിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചു.
                  ഐപിഎലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനും രാജസ്ഥാന്‍ റോയല്‍സിനും വേണ്ടി കളിച്ചിട്ടുള്ള പോള്‍ വാല്‍ത്താട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബം താമസിച്ചിരുന്ന വീണാ സന്തൂര്‍ കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി കെട്ടിടത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് തീപിടിത്തമുണ്ടായത്.  പോള്‍ വാല്‍ത്താട്ടിയുടെ സഹോദരി ഗ്ലോറി വാല്‍ത്താട്ടി (45), ഗ്ലോറിയുടെ മകന്‍ ജോഷ്വ ജെംസ്‌റോബര്‍ട്ട് (8) എന്നിവരാണ് മരിച്ചത്. പോളും മറ്റു കുടുംബാംഗങ്ങളും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.                                                                                                                      സ്‌കോട്ലാന്‍ഡില്‍ താമസിച്ചിരുന്ന ഗ്ലോറി രോഗികളായ മാതാപിതാക്കളെ സന്ദര്‍ശിക്കാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു. നാലാം നിലയിലാണ് പോളും കുടുംബവും താമസിച്ചിരുന്നത്. ഗ്ലോറിയും മകനും കെട്ടിടത്തിന്റെ ഗോവണിപ്പടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
പോളും ഭാര്യയും മക്കളും ഗ്ലോറിയുടെ മൂത്ത മകളും ഇവര്‍ക്കു മുന്‍പേ പുറത്തെത്തിയിരുന്നു.                                                                                                                             ഫ്‌ലാറ്റിനുള്ളില്‍ അകപ്പെട്ട പോളിന്റെ മാതാപിതാക്കളെയും ഗ്ലോറിയുടെ ഭര്‍ത്താവ് നോയല്‍ റോബര്‍ട്ടിനെയും അഗ്‌നിരക്ഷാ സേനയാണ് രക്ഷപ്പെടുത്തിയത്. ഇവരുടെ രണ്ടു വീട്ടുജോലിക്കാര്‍ക്കു സാരമായി പൊള്ളലേറ്റിട്ടുണ്ട്. എട്ടു നില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. നാലു മണിക്കൂറോളം പ്രയത്‌നിച്ചാണ് അഗ്‌നിരക്ഷാസേന തീയണച്ചത്.