Monday, May 6, 2024
keralaNewsObituary

തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ സിവില്‍ പൊലീസ് ഓഫിസര്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം :തമ്പാനൂരിലെ സ്വകാര്യ ഹോട്ടലില്‍ സിവില്‍ പൊലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ എസ്.ജെ. സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു. സജിയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

ഇന്നു പുലര്‍ച്ചെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഹോട്ടല്‍ ജീവനക്കാരാണ് പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം. രണ്ടു ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഹോട്ടല്‍ മുറിയില്‍ സജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനം നിമിത്തമാണ് സജി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. സജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.