Monday, May 6, 2024
Newsworld

താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ അഫ്ഗാനുള്ള സാമ്പത്തിക സഹായം വേള്‍ഡ് ബാങ്ക് നിര്‍ത്തി

അഫ്ഗാന്റെ നിയന്ത്രണം ഭീകരസംഘടന താലിബാന്‍ ഏറ്റെടുത്തതോടെ രാജ്യത്തിനുള്ള സാമ്പത്തിക സഹായം വേള്‍ഡ് ബാങ്ക് നിര്‍ത്തി. സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതടക്കം നിരവധി വിഷയള്‍ ആശങ്കജനകമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലേക്കുള്ള സഹായത്തിന് ലോക ബാങ്ക് താല്‍ക്കാലിക വിരാമമിട്ടതായി ബാങ്ക് വക്താവും വ്യക്തമാക്കി.

‘അഫ്ഗാനിസ്ഥാനിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്, ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നെന്നും ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.  ‘അഫ്ഗാനിസ്ഥാനിലെ അവസ്ഥയെക്കുറിച്ചും രാജ്യത്തിന്റെ വികസന സാധ്യതകളെ ബാധിക്കുന്നതിനെക്കുറിച്ചും പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചും തങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്. കഠിന പ്രയത്നത്തിലൂടെ കൈവരിച്ച വികസന നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനും മാര്‍ഗങ്ങള്‍ ആലോചിച്ചു വരികയാണ്. അഫ്ഗാനിസ്ഥാനില്‍ രണ്ട് ഡസനിലധികം പദ്ധതികളില്‍ ലോകബാങ്ക് സഹായമുണ്ട്. കൂടാതെ 2002 മുതല്‍ 5.3 ബില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ടെന്നും താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനില്‍ ഉള്ള വേള്‍ഡ് ബാങ്ക് ജീവനക്കാരെ എല്ലാം ഒഴിപ്പിച്ചെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.