Tuesday, May 14, 2024
keralaNews

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് തീവ്ര ന്യൂനമര്‍ദമാകും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റാകും.

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ ശക്തമായ മഴക്കും കാറ്റിനും സാധ്യതയേറി. ഇതോടെ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ നാളെ അതിതീവ്ര മഴയുണ്ടാകും.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് തീവ്ര ന്യൂനമര്‍ദമാകും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റാകും. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. ടൗട്ടേ ചുഴലിക്കാറ്റ് കേരള, കര്‍ണാടക, ഗോവ തീരങ്ങളില്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകും. കേരള തീരങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. തീരദേശ മേഖലയില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.പല ജില്ലകളിലും ഇപ്പോള്‍തന്നെ കടലാക്രമണ ഭീഷണിയിലാണ്. കുട്ടനാട് അടക്കം പലയിടങ്ങളിലും വെള്ളപൊക്ക ബീഷണിയിലുമാണ്.

ഇന്ന് രാവിലെയോടെയാണ് സംസ്ഥാനത്ത് ന്യുനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യുന മര്‍ദ്ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും. കാറ്റിന്റെ ഗതിയെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായ പ്രവചനം നടത്തിയിട്ടില്ല.

കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും സംസ്ഥാനത്ത് 17വരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് 80കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ശനിയാഴ്ചവരെ ഇത് തുടരും. ഞായറാഴ്ച കാറ്റിന് ശക്തികൂടും. വെള്ളിയാഴ്ച ഏഴ് ജില്ലകളിലും ശനിയാഴ്ച പന്ത്രണ്ട് ജില്ലകളിലും ഞായറാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.അടിയന്തര സാഹചര്യം നേരിടാന്‍ എന്‍ഡിആര്‍എഫ് ടീം കേരളത്തിലെത്തും.