Friday, May 10, 2024
indiakeralaNews

തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാര്‍ ഡാം തുറന്നുവിട്ടു. പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുന്നു. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തി. ചിറ്റൂരിലും സമീപപ്രദേശത്തുമുള്ളവര്‍ക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണം. ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്. എന്നാല്‍ ഡാം തുറക്കുന്ന വിവരം സംസ്ഥാനത്തെ അറിയിച്ചിരുന്നെന്നാണ് തമിഴ്‌നാടിന്റെ വിശദീകരണം. ജലവിഭവവകുപ്പ് ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചതായും പറഞ്ഞു. എന്നാല്‍ ജനങ്ങളിലേക്ക് അറിയിപ്പ് എത്തിയില്ല.

അതേസമയം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറന്നത്. ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 40000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുത്. ചെറുതോണി, പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പെരിയാറില്‍ പുഴ മുറിച്ച് കടക്കുന്നതും മീന്‍പിടുത്തവും നിരോധിച്ചിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ്, അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടര്‍ തുറന്നത്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കന്റില്‍ 1544 ഘനയടി വെള്ളമാണ് ഇപ്പോള്‍ തുറന്നു വിട്ടുന്നത്.