Monday, April 29, 2024
keralaNews

തമിഴ്‌നാട്ടില്‍ കോവിഡ് ഡെല്‍റ്റ പ്ലസ് ബാധിച്ച് ഒരാള്‍ മരിച്ചു.

തമിഴ്‌നാട്ടില്‍ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാള്‍ മരിച്ചു. ഇതാദ്യമായാണ് തമിഴ്‌നാട്ടില്‍ ഡെല്‍റ്റ പ്ലസ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. മധുരയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥര്‍ പറഞ്ഞു. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന മൂന്ന് രോഗികളില്‍ രണ്ട് പേര്‍ രോഗമുക്തി നേടിയെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി എ.എ സുബ്രമണ്യന്‍ അറിയിച്ചു.

ചെന്നൈയിലെ 32കാരിയായ നഴ്‌സും കാഞ്ചിപുരം സ്വദേശിയായ ഒരാളുമാണ് രോഗമുക്തി നേടിയത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ സ്രവം വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഡെല്‍റ്റ പ്ലസ് ബാധിച്ചുവെന്ന് കണ്ടെത്തിയത്. ഇയാളുമായി ബന്ധപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 20ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കേരള, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്.