Friday, May 3, 2024
keralaNewsObituary

ഡോ. വന്ദനയുടെ അമ്മ വിതുമ്പിക്കരഞ്ഞു; ഗവര്‍ണര്‍ ചേര്‍ത്ത് പിടിച്ചു

തൃശൂര്‍: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് ആരോഗ്യ സര്‍വകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി. തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ വച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യില്‍ നിന്നും വന്ദനയുടെ മാതാപിതാക്കള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഏറെ വികാരനിര്‍ഭരമായിരുന്ന തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയുടെ പതിനേഴാമത് ബിരുദ ദാനച്ചടങ്ങ്. സംസ്ഥാന ഗവര്‍ണറില്‍ നിന്ന് ഡോക്ടര്‍ വന്ദന ഏറ്റുവാങ്ങേണ്ടതായിരുന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് വന്ദനയുടെ അച്ഛനും അമ്മയും ഏറ്റുവാങ്ങിയത്. മകളുടെ ജീവിതത്തിന്റെ അടയാളമായ ഡോക്ടര്‍ ബിരുദം അവളില്ലാതെ ഏറ്റുവാങ്ങാനെത്തിയ മോഹന്‍ദാസും വസന്തകുമാരിയും സദസ്സിനെയും വേദനയിലാഴ്ത്തി. ഗവണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് ബിരുദമേറ്റ് വാങ്ങിയ അമ്മ വിതുമ്പിക്കരഞ്ഞു. വന്ദനയുടെ അച്ഛനെയും അമ്മയെയും ചേര്‍ത്ത് പിടിച്ച് ഗവര്‍ണര്‍ ആശ്വസിപ്പിച്ചു.                            ജോലിയോടുള്ള ആത്മാര്‍ത്ഥമായ സമീപനം ഉണ്ടായിരുന്ന കുട്ടിയായിരുന്നു വന്ദന, ഇനി ആര്‍ക്കും ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. ചടങ്ങ് തീര്‍ന്ന് പുറത്തിറങ്ങാന്‍ നേരം ആശ്വസിപ്പിക്കാനെത്തിയ അധ്യാപകരോട് വന്ദനയുടെ മാതാപിതാക്കള്‍ നിറ കണ്ണുകളോടെ ചോദിച്ചു”. അവളില്ലാതെ ഞങ്ങള്‍ക്ക് ഇനി എന്തിനാണ് ഈ ബിരുദം… ഇതും അവളുടേതായിരുന്നല്ലോയെന്ന്” . മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ വന്ദനാദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയില്‍ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു.