Monday, May 6, 2024
keralaNews

ഭാര്യയെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി

ഭാര്യ സ്വകാര്യ സ്വത്തോ വസ്തുവോ അല്ല അതുകൊണ്ട് തന്നെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി.ഗൊരഖ്പുര്‍ സ്വദേശിയായ യുവാവിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.കഴിഞ്ഞ കുറച്ച് കാലങ്ങളായി ഭാര്യയുമായി അകന്നു കഴിയുകയാണ് യുവാവ്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പരാതിയുമായി ഇവര്‍ കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 20,000 രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഇത് ചോദ്യം ചെയ്ത് ഇയാള്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
ഭാര്യയ്ക്കൊപ്പം ഒന്നിച്ച് കഴിയാന്‍ സന്നദ്ധനാണെന്നും അങ്ങനെ ജീവിക്കാന്‍ തയ്യാറായാല്‍ ഹിന്ദു സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ജീവനാംശം നല്‍കേണ്ടതില്ലെന്നും അദ്ദേഹം അലഹബാദ് ഹൈക്കോടതിയില്‍ വാദിച്ചു.

എന്നാല്‍ ഈ വാദം കോടതി തള്ളി. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. യുവതിയെ തനിക്കൊപ്പം അയക്കണമെന്ന് ഇയാള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.എന്നാല്‍ യുവാവിന്റെ വാദം സുപ്രീം കോടതി എതിര്‍ത്തു. ‘നിങ്ങള്‍ എന്താണ് കരുതുന്നത്. ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സ്ത്രീ സ്വകാര്യ വസ്തുവാണെന്നാണോ? നിങ്ങളോടൊപ്പം വരണണെന്ന് നിര്‍ദ്ദേശിക്കാന്‍ ഭാര്യ ഒരു സ്വകാര്യ സ്വത്താണോ? ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ല. അതുകൊണ്ട് തന്നെ അവരെ നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കാനുമാകില്ല’ കോടതി വ്യക്തമാക്കി.