Thursday, May 16, 2024
keralaNews

നാളെ മുതല്‍ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം.

തിരുവനന്തപുരം: കൊവിഡ് മരണകണക്കിലെ അപ്പീലിനും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും വേണ്ടി നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഐ സി എം ആറിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐ സി എം ആറിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള കൊവിഡ് മരണങ്ങള്‍ക്കും, സംസ്ഥാന സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഇല്ലാത്ത മരണങ്ങള്‍ക്കും, നിലവിലുള്ള പട്ടികയില്‍ പരാതിയുള്ളവര്‍ക്കും പുതിയ സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കാമെന്ന് മന്ത്രി പറഞ്ഞു.ഓണ്‍ലൈനായും നേരിട്ടും പരാതി സമര്‍പ്പിക്കാന്‍ സാധിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ വേണമെങ്കില്‍ പി എച്ച് സിയേയോ അക്ഷയ സെന്ററുകളേയോ സമീപിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകളില്‍ വിശദമായ പരിശോധന നടത്തിയ ശേഷം ഔദ്യോഗിക കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷകളില്‍ തീരുമാനം എടുക്കുന്നതും ഓണ്‍ലൈന്‍ വഴി തന്നെയായിരിക്കും. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.