Wednesday, May 8, 2024
indiaNews

ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.

ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പിഎം ഹൗസില്‍ പ്രഭാത ഭക്ഷണത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച. മെഡല്‍ നേടിയാല്‍ ഒരുമിച്ച് ഐസ്‌ക്രീം കഴിക്കാമെന്ന് ടോക്കിയോയിലേക്ക് പോകും മുന്‍പ് ബാഡ്മിന്റന്‍ താരം പി വി സിന്ധുവിനോട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രഭാത ഭക്ഷണത്തില്‍ മോദി ഈ വാക്കുപാലിക്കുകയും ചെയ്തു.ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്ത കായിക താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇക്കുറി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ കായിക താരങ്ങളെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ വേദിയില്‍ കയ്യടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്തെ വരും തലമുറകളെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചു എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.ചരിത്രത്തിലാദ്യമായാണ് കായിക താരങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഇത്തരത്തില്‍ പ്രാതിനിധ്യം കിട്ടുന്നത്. സ്വര്‍ണ മെഡല്‍ ജേതാവും ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്രയും വെങ്കല മെഡല്‍ ജേതാവായ ബാഡ്മിന്റണ്‍ താരം പി വി സിന്ധു, ഗുസ്തി താരങ്ങളായ രവികുമാര്‍ ദാഹിയ, ബജ്റംഗ് പൂനിയ, മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷ് തുടങ്ങിയവരുള്‍പ്പടെ ഒളിംപിക്സ് സംഘത്തിലെ മുന്നൂറോളം പേരാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തത്.