Friday, May 17, 2024
keralaNews

കോട്ടയത്ത് മൂന്ന് പേരെ കാപ്പാ ചുമത്തി നാടു കടത്തി

ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നതും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകളില്‍ പ്രതികളുമായ മൂന്നു പേരെ കാപ്പാ ചുമത്തി നാടുകടത്തി.പെരുമ്പായിക്കാട് വില്ലേജ് മുടിയൂര്‍ക്കര കരയില്‍ കുന്നുകാലായില്‍ വീട്ടില്‍ പാണ്ടന്‍ പ്രദീപ് എന്നുവിളിക്കുന്ന പ്രദീപ്, അതിരമ്പുഴ വില്ലേജില്‍ മാന്നാനം കരയില്‍ അമലഗിരി ഭാഗത്ത് ഗ്രേസ് കോട്ടേജില്‍ അമ്മഞ്ചേരി സിബി എന്നു വിളിക്കുന്ന സിബി ജി.ജോണ്‍, ആര്‍പ്പൂക്കര വില്ലേജില്‍ കോലേട്ടമ്പലം ഭാഗത്ത് പാലത്തൂര്‍ വീട്ടില്‍ ടോമി ജോസഫ് എന്നിവരെയാണ് കാപ്പാ ചുമത്തി നാടുകടത്തിയത്.ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡിഐജിയാണ് ഇവരെ ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ നിന്നും നാടു കടത്തി ഉത്തരവായത്.കോട്ടയം ജില്ലയിലെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിക്കുക പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക, പോലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തുക തുടങ്ങിയ ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ ഇവര്‍ക്കെതിരെ മുന്‍പും കാപ്പാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ടോമി ജോസഫ് ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘാംഗവും, അമ്മഞ്ചേരി സിബി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പണം വെച്ച് ചീട്ടുകളി, ബ്ലേഡ് പലിശയ്ക്ക് പണമിടപാട് എന്നിവ നടത്തി വന്നിരുന്നതും മണര്‍കാട് ക്രൗണ്‍ ക്ലബ്ബില്‍ 2020 ജൂലൈയില്‍ നടന്ന 18 ലക്ഷത്തില്‍പ്പരം രൂപയുടെ ചീട്ടുകളി കേസ്സിലെ പ്രതിയുമാണ്. ജില്ലയിലെ ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ വരുംദിവസങ്ങളിലും തുടരുന്നതാണ്.