Sunday, May 5, 2024
keralaNews

ജനുവരി അഞ്ചുമുതല്‍ ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ നടത്താം.

സംസ്ഥാനത്തെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി അഞ്ചുമുതല്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു . ആളുകളുടെ പങ്കാളിത്തം നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ കൂടാന്‍ പാടില്ല.അക്കാര്യം പൊലീസും സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഉറപ്പാക്കേണ്ടതാണ്.മതപരമായ ഉത്സവങ്ങള്‍,സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി നൂറും ഔട്ട്ഡോറില്‍ പരമാവധി ഇരുന്നൂറും പേരെയാണ് അനുവദിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
പത്തു മാസത്തിലധികമായി കലാപരിപാടികളൊന്നും നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം കലാകാരന്മാര്‍ കടുത്ത പ്രയാസം അനുഭവിക്കുകയാണ്.പരിപാടികള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ കലകളുടെ നിലനില്‍പ്പിനെ തന്നെ അതു ബാധിക്കുമെന്ന ആശങ്ക കലാകാരന്മാര്‍ പ്രകടപ്പിക്കുന്നുണ്ട്. ഉത്സവങ്ങളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കലാ സാംസ്‌കാരിക പരിപാടികള്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടത്താന്‍ അനുവദിക്കും.അനുവദിക്കുന്ന പരിപാടികള്‍ നിബന്ധനകള്‍ പാലിച്ചാണോ സംഘടിപ്പിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും നിയോഗിക്കും’ മുഖ്യമന്ത്രി വ്യക്തമാക്കി.

സ്പോര്‍ട്സ് പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കാനാണ് തീരുമാനം.നീന്തല്‍ പരിശീലനത്തിനും അനുമതി നല്‍കും.എക്സിബിഷന്‍ ഹാളുകള്‍ നിയന്ത്രിത പങ്കാളിത്തത്തോടെ അനുവദിക്കും.പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകള്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.മറ്റു വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.