Friday, May 3, 2024
keralaNewspolitics

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം: 4 കേസുകളിലും ഉപാധികളോടെ ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 8 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജയില്‍ മോചിതനായി. 4 കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. പൂജപ്പുര ജയിലിലാണ് രാഹുല്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. ജയിലിന് മുന്നില്‍ സ്വീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് സംഘര്‍ഷ കേസിലും ഇന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളില്‍ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു. ഇന്ന് വൈകിട്ട് സിജെഎം കോടതിയാണ് ഒടുവിലത്തെ ജാമ്യം അനുവദിച്ചത്.

യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയും ഡിജിപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലുള്ള കേസില്‍ സിജിഎം കോടതിയുമാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നിങ്ങനെയാണ് കോടതി നിര്‍ദേശിച്ച ഉപാധികള്‍.