Thursday, May 16, 2024
keralaNews

അച്ഛന് ഓര്‍മക്കുറവ് നോക്കാന്‍ മറ്റാരുമില്ല :കിരണ്‍കുമാര്‍

വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിനെതിരായ ശിക്ഷാവിധി ഉടന്‍. കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിക്കുന്നത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ച കോടതിയോട്  അച്ഛന് തീരെ സുഖമില്ല, അച്ഛനെ നോക്കാന്‍ മറ്റാരുമില്ലെന്നായിരുന്നു മറുപടി. അച്ഛന് ഓര്‍മക്കുറവുണ്ടെന്നും അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതി എസ് കിരണ്‍കുമാര്‍ പറഞ്ഞു.അമ്മയ്ക്കും വയ്യ.തനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കണം. പ്രായം പരിഗണിക്കണം.  കുടുംബത്തിന്റെ ചുമതല തനിക്കാണ്. നോക്കാന്‍ മറ്റാരുമില്ലെന്നും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും കിരണ്‍ കുമാര്‍ കോടതിയോട് പറഞ്ഞു.

ശിക്ഷാവിധി കേള്‍ക്കാന്‍ വിസ്മയയുടെ കുടുംബാംഗങ്ങള്‍ കോടതിയില്‍ എത്തിയിട്ടുണ്ട്. അതേസമയം, കേസ് വ്യക്തിക്കെതിരെയല്ലെന്നും,വിധി സമൂഹത്തിന് പാഠമാകണമെന്നും  പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.സ്ത്രീധനത്തിനെതിരെ സമൂഹത്തിന് നല്‍കുന്ന സന്ദേശം കൂടിയാകണം വിധിയെന്നും പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിച്ചു. പ്രതിയോട് അനുകമ്പ പാടില്ല. പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യ കൊലപാതകമായി കണക്കാക്കാമെന്നും പ്രോസിക്യൂഷന്‍ ജി. മോഹന്‍രാജ് പറഞ്ഞു.