Tuesday, May 7, 2024
keralaNews

ചക്രവാതച്ചുഴിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒറ്റപ്പെട്ട ശക്തമായ മഴ

ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയെ തുടര്‍ന്ന് ഇന്നും തമിഴ്‌നാട്ടില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. തീരദേശങ്ങളില്‍ മഴ ദുരിതമുണ്ടാക്കിയേക്കുമെന്നും മുന്നറയിപ്പുണ്ട്. ഇന്നലെ സംസ്ഥാനത്ത് മഴക്കെടുതികളില്‍ 5 മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവണ്ണാമലൈയില്‍ രണ്ടും അരിയല്ലൂര്‍, ഡിണ്ടുഗല്‍, ശിവഗംഗ ജില്ലകളിലായി ഒരാള്‍ വീതവുമാണ് മരിച്ചത്.വിവിധ ജില്ലകളിലായി പതിനായിരത്തിലധികം ആളുകളെ മാറ്റിപാര്‍പ്പിച്ചു. കന്യാകുമാരി, തൂത്തുക്കുടി, രാമനാഥപുരം,നാഗപട്ടണം എന്നിവടങ്ങളിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്. താമരഭരണി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് തൂത്തുക്കുടി, കന്യാകുമാരി ജില്ലകളുടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി.ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. ജി.എസ്.ടി റോഡ്, ടി.നഗര്‍, ട്രിപ്ലിക്കന്‍,കെ.കെ. നഗര്‍ എന്നിവടങ്ങളിലാണു വലിയ തോതില്‍ വെള്ളക്കെട്ടുണ്ടായത്. കന്യാകുമാരി, തൂത്തുക്കുടി, രാമനാഥപുരം തിരുവാരൂര്‍, നാഗപട്ടണം, കടലൂര്‍, കാഞ്ചിപുരം ചെന്നൈ തുടങ്ങിയ തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.