Wednesday, May 15, 2024
keralaNews

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിക്കായി കൊണ്ടുവന്ന വാഹനം പിടികൂടി.

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിക്കായി കൊണ്ടുവന്ന വാഹനം പിടികൂടി. വാഹനത്തില്‍ നിന്നും 18 വയസ്സില്‍ താഴെയുള്ള മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. കുമളി ടൗണില്‍ നടന്ന പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. ഇടുക്കിയിലെ ഏലത്തോട്ടത്തിലേക്ക് തമിഴ്നാട്ടില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിക്കായി കൊണ്ടുവരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലാ ഭരണകൂടവും ശിശു ക്ഷേമ സമിതിയും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.ഏലത്തോട്ടത്തില്‍ കീടനാശിനി തളിക്കുന്നതടക്കമുള്ള ജോലികള്‍ കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കുമളി, കമ്പമട്ടം ചെക്പോസ്റ്റുകളില്‍ പരിശോധന നടത്തിയത്. വാഹനത്തില്‍ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വരും ദിവസങ്ങളില്‍ മേഖലയില്‍ പരിശോധ ശക്തമാക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.