Sunday, May 5, 2024
keralaNews

ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ വിയോഗത്തില്‍ ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി

ബംഗളൂരു: ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ വിയോഗത്തില്‍ ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വരുണ്‍ സിംഗിന്റെ അകാലമരണം അങ്ങേയറ്റം വേദനിപ്പിക്കുന്നു. അഭിമാനത്തോടെയും വീര്യത്തോടെയും അദ്ദേഹം രാജ്യത്തെ സേവിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ ‘വീര്യത്തോടെയും അഭിമാനത്തോടെയും വരുണ്‍ സിംഗ് രാജ്യത്തെ സേവിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഞാന്‍ അങ്ങേയറ്റം വേദനിക്കുന്നു. രാഷ്ട്രത്തിനായുള്ള വരുണ്‍ സിംഗിന്റെ പ്രവൃത്തികള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും വേദനയില്‍ പങ്കുചേരുന്നു. ഓം ശാന്തി’ പ്രധാനമന്ത്രി കുറിച്ചു.

ഹെലികോപ്ടറിലുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് മാത്രമാണ്. വരുണ്‍ സിംഗിന്റെ തിരിച്ചുവരവിനായി രാജ്യം ഒന്നടങ്കം കാത്തിരിക്കെയാണ് എല്ലാവരേയും ദുഃഖത്തിലാഴ്ത്തി മരണവിവരം പുറത്തുവരുന്നത്. ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ച ധീര സൈനികനാണ് വരുണ്‍ സിംഗ്. 2020ലാണ് വരുണ്‍ സിംഗിന് ശൗര്യചക്ര ബഹുമതി ലഭിച്ചത്. അടിയന്തര സാഹചര്യത്തില്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ആയിരുന്നു അദ്ദേഹത്തിന് ശൗര്യ ചക്ര ബഹുമതി ലഭിച്ചത്. വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിട്ടും അദ്ദേഹം സ്വന്തം ജീവന് പോലും വില കല്‍പ്പിക്കാതെ വിമാനം സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.