Monday, April 29, 2024
keralaNewspolitics

ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരം സിപിഎം എംഎല്‍എ യു. പ്രതിഭ

ആലപ്പുഴ: ഗവര്‍ണര്‍ക്കെതിരെ സിപിഎം പ്രതിഷേധം കടുപ്പിക്കുന്നതിനിടയിലാണ് പൊതുവേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി പാര്‍ട്ടി എംഎല്‍എ യു പ്രതിഭ പരസ്യമായി രംഗത്ത് വന്നത്.                                                                                         സര്‍വ്വകലാശാലകളിലെ അനധികൃത നിയമനങ്ങളും ലോകായുക്ത ഭേദഗതി ബില്ലും ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഗവര്‍ണറുമായി സിപിഎം വളരെക്കാലമായി ഇടഞ്ഞുനില്‍ക്കുന്നനിടയിലാണ് ഗവര്‍ണറെ പുകഴ്ത്തി സിപിഎം എംഎല്‍എ രംഗത്ത് വന്നത്.

ചെട്ടികുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതി ആഘോഷച്ചടങ്ങിലായിരുന്നു ഗവര്‍ണര്‍ വേദിയിലിരിക്കെ യു പ്രതിഭയുടെ വാക്കുകള്‍. പരിപാടിയുടെ അദ്ധ്യക്ഷയായിരുന്നു എംഎല്‍എ. രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്ന് അവര്‍ പറഞ്ഞു. എല്ലാവരോടും സ്നേഹത്തോടെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. എല്ലാവരോടും അദ്ദേഹത്തിന് കരുതലുണ്ട്.

മലയാളം പഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്. പുഞ്ചിരിയോടെയാണ് എംഎല്‍എയുടെ വാക്കുകള്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രവിച്ചത്. ചടങ്ങില്‍ ഗവര്‍ണര്‍ക്ക് സമീപമായിരുന്നു യു പ്രതിഭ ഇരുന്നത്. രമേശ് ചെന്നിത്തല എംഎല്‍എയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മലയാളത്തില്‍ എല്ലാവര്‍ക്കും വന്ദനം പറഞ്ഞാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയതും. മലയാളം പഠിക്കാന്‍ കുറച്ചുകാലമായി ശ്രമിക്കുന്നുണ്ടെന്നും അതാണ് മലയാളത്തില്‍ പ്രസംഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമാണ് എല്ലാ മാറ്റത്തിന്റെയും അളവുകോലെന്നും അറിവിനൊപ്പം മനുഷ്യന്റെ അന്തസുയര്‍ത്തുന്നതാണ് അതെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.