Wednesday, May 15, 2024
keralaNews

വലിയതുറ സ്റ്റേഷനിലെ ‘എസ്‌ഐ’ ദമ്പതികള്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പൊലീസ് സ്റ്റേഷനിലെ പ്രധാന ചുമതലകള്‍ വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചില പ്രത്യേകതകളുണ്ട്. എസ്‌ഐ ദമ്പതികളാണ് ഇവിടത്തെ താരങ്ങള്‍. കാക്കിക്കുള്ളിലെ പ്രണയം വിവാഹത്തിലേക്ക് എത്തിയപ്പോള്‍ സഹപ്രവര്‍ത്തകരും ഒപ്പം നിന്നു.വലിയതുറ പൊലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ. അഭിലാഷ് മോഹനനും ക്രൈം എസ്‌ഐ. അലീനാ സൈറസും ആണ് തലസ്ഥാനത്തെ എയര്‍പോര്‍ട്ടും ചെറിയതുറയും ശംഖുമുഖവും വെട്ടുകാടും കൊച്ചുവേളിയും ഉള്‍പ്പെടുന്ന പ്രധാന മേഖലകള്‍ ഉള്‍പ്പെടുന്ന വലിയതുറ പൊലീസ് സ്റ്റേഷനിലെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നത്.

തിരുവനന്തപുരം പെയാട് സ്വദേശിയായ അഭിലാഷ് 2019- ലാണ് പൊലീസ് സേനയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി ഗ്രാമമായ വെട്ടുതുറയില്‍ നിന്ന് 2018 ലാണ് അലീന പൊലീസ് സേനയില്‍ എത്തുന്നത്. പത്തനംതിട്ടയില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം തലസ്ഥാനത്ത് എത്തിയ അലീന വലിയതുറ സ്റ്റേഷനിലെ ക്രൈം എസ്‌ഐ ആയി ചുമതലയേറ്റു.ജോലിയോടുള്ള ഇരുവരുടെയും ആത്മാര്‍ത്ഥത പതിയെ പ്രണയത്തിലേക്ക് വഴിതുറന്നു. തുടര്‍ന്ന് കര്‍മ്മവീഥിയില്‍ എന്ന പോലെ തന്നെ ജീവിത യാത്രയിലും ഒരുമിക്കാന്‍ അവര്‍ തീരുമാനിച്ചു. ഇക്കഴിഞ്ഞ ജൂലൈ 14 -ന് മലയിന്‍കീഴ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ചുരുക്കത്തിലായിരുന്നു ഇരുവരുടെയും വിവാഹം. കരിയറും ജീവിതവും ഒന്നാകുമ്പോള്‍ പ്രതിസന്ധികളും ഉരുത്തിരിയുമെങ്കിലും ഗുണങ്ങളും ഏറെയെന്നാണ് ഇരുവരുടെയും പക്ഷം.