Wednesday, May 15, 2024
keralaNews

സംസ്ഥാനത്തെ 13 ജില്ലകളില്‍ മഴ ശക്തമാകും, 3 ജില്ലകളില്‍ ഓറഞ്ച്

സംസ്ഥാനത്ത് 13 ജില്ലകളില്‍ മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്നത്. ഇതില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും അതിതീവ്ര മഴയാണ് ലഭിച്ചത്.തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുഞ്ഞു ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ജയ, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ചു മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ശക്തമായ മഴക്ക് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നാണ് അപകടമുണ്ടായത്. വീട് പൂര്‍ണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിച്ചത്.

ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴ പെയ്ത പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട് പോലുമുണ്ടായിരുന്നില്ല. തല്‍സ്ഥിതി മുന്നറിയിപ്പിലും നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമായിരുന്നു പ്രവചിച്ചത്. പത്തനംതിട്ടയിലെ വാഴക്കുന്നത് പുലര്‍ച്ചെ ലഭിച്ചത് 139 മി.മീ മഴയും കുന്നന്തനാത്ത് 124 മി.മീ മഴയും റാന്നിയില്‍ 104 മി.മീ മഴയും ലഭിച്ചു. പെരുമഴ പെയ്ത പത്തനംതിട്ടയില്‍ പക്ഷെ യെല്ലോ അലര്‍ട്ട് പോലും ഉണ്ടായിരുന്നില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ വൈകീട്ട് പുറത്തിറക്കിയ മഴ മുന്നറിയിപ്പില്‍ ഇന്നലെ പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. പക്ഷെ ഇന്ന് അര്‍ധരാത്രി മുതല്‍ പത്തനംതിട്ടയ്ക്ക് ഉണ്ടായിരുന്നത് പച്ച അലര്‍ട്ടാണ്. അതായത് സാധാരണ മഴ മാത്രമാണ് ജില്ലയ്ക്ക് പ്രതീക്ഷിച്ചിരുന്നത് . മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്നാണ് പത്തനംതിട്ട ജില്ല കലക്ടറും ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്.