Sunday, May 5, 2024
HealthkeralaNews

കോവിഡ് വ്യാപനം കൂടിയാല്‍ 144 പ്രഖ്യാപിക്കും; പരിപാടികള്‍ 2 മണിക്കൂറിനകം അവസാനിപ്പിക്കണം

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയരുന്ന തദ്ദേശ സ്ഥാപന മേഖലയില്‍ കലക്ടര്‍മാര്‍ക്കു 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ അനുമതി. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദുരന്തനിവാരണ വകുപ്പ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഈ അനുമതി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ വിശദാംശങ്ങളും ഉത്തരവിലുണ്ട്. ഈ മാസം 30 വരെയാണ് നിയന്ത്രണങ്ങള്‍.

അടച്ചിട്ട ഹാളുകളില്‍ നടക്കുന്ന വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും പരിപാടികളിലും പരമാവധി 100 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ 200 പേര്‍ വരെയാകാം. നിശ്ചിത പരിധിയില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.

വാക്‌സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അധികമായി പങ്കെടുക്കാം. വിവാഹം, മരണാനന്തര ചടങ്ങ്, സാംസ്‌കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇതു ബാധകമായിരിക്കും. ഏതുതരം ചടങ്ങുകളും പരിപാടികളും 2 മണിക്കൂറിനകം അവസാനിപ്പിക്കണം. പരിപാടികളില്‍ കഴിവതും ഭക്ഷണം വിളമ്പല്‍ ഒഴിവാക്കണം; പാഴ്സലോ ടേക്ക് എവേ രീതിയോ സ്വീകരിക്കണം.