Tuesday, May 7, 2024
HealthkeralaNews

കോവിഡ് കേസുകള്‍ കുറയുന്നു, കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം; ആശങ്കയായി എറണാകുളം

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു മാസത്തിനിടെയുണ്ടായ കുറവ് അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഫെബ്രുവരി 11ന് 64,607 ആക്ടീവ് കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ മാര്‍ച്ച് 11ന് അത് 35,715 ആയി കുറഞ്ഞു. എന്നാല്‍ സജീവ രോഗികള്‍ കൂടുതലുള്ള രാജ്യത്തെ പത്ത് ജില്ലകളില്‍ എറണാകുളവും ഉള്‍പ്പെട്ടത് ആശങ്കപ്പെടുത്തുന്നതാണ്. മഹാരാഷ്ട്രയിലെ എട്ട് ജില്ലകള്‍ പട്ടികയിലുണ്ട്.മഹാരാഷ്ട്രയിലെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വളരെ ആശങ്കാകുലരാണെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ.പോള്‍ പറഞ്ഞു. വൈറസിനെ നിസാരമായി കാണാനാവില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ നാഗ്പുരില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. കൂടുതല്‍ ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചിരുന്നു.

2021ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്. വ്യാഴാഴ്ച, 22,854 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. മഹാരാഷ്ട്രയിലാണ് 13,659 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്തെ ആകെ പ്രതിദിന കണക്കിന്റെ 60 ശതമാനമാണ്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ള 10 ജില്ലകളില്‍ എട്ടും മഹാരാഷ്ട്രയിലാണ്. പുണെ, നാഗ്പുര്‍, താനെ, മുംബൈ, അമരാവതി, ജല്‍ഗാവ്, നാസിക്, ഔറംഗബാദ് എന്നിവയാണവ.മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മൊത്തം 85 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗമുക്തര്‍ കേരളത്തിലാണ്.