Sunday, May 5, 2024
keralaNews

കോട്ടയത്ത് അയല്‍വാസികള്‍ പരസ്പരം ഏറ്റുമുട്ടി : മൂക്ക് കടിച്ചുമുറിച്ചതായി പരാതി.

കോട്ടയം: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസികള്‍ പരസ്പരം ഏറ്റുമുട്ടി. ഏറ്റുമുട്ടലിനിടെ കൊലക്കേസ് പ്രതി അയല്‍വാസിയുടെ മൂക്ക് കടിച്ചുമുറിച്ചതായി പരാതി. പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിയങ്ങാട്ട് ഫിലിപ്പിനാണ് പരുക്കേറ്റത്. ഫിലിപ്പിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിലിപ്പിനെ ആക്രമിച്ച ജോര്‍ജിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ജോര്‍ജ്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഫിലിപ്പിനു നേരെ കത്തി വീശുകയും ഇത് തടയാന്‍ ഫിലിപ്പ് ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ജോര്‍ജ് ഫിലിപ്പിന്റെ മൂക്കില്‍ കടിച്ചു പരുക്കേല്‍പ്പിച്ചു.ഞായറാഴ്ച്ച രാവിലെ അരുവിക്കുഴി ലൂര്‍ദ് മാതാ പള്ളിപരിസരത്താണ് അക്രമണം നടന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് പള്ളിക്കത്തോട് പൊലീസ് അറിയിച്ചു.