Monday, May 6, 2024
keralaNews

നരബലിയുടെ സൂത്രധാരന്‍ മുഹമ്മദ് ഷാഫി പീഡനക്കേസിലും പ്രതി

പത്തനംതിട്ട ഇലന്തൂരില്‍ നരബലിയുടെ സൂത്രധാരന്‍ മുഹമ്മദ് ഷാഫി പീഡനക്കേസില്‍ പ്രതിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. 2 വര്‍ഷം മുന്‍പ് (2020 ഓഗസ്റ്റ് 5) പുത്തന്‍കുരിശില്‍ വയോധികയെ ക്രൂരമായി പീഡിപ്പിച്ചതിന് ഷാഫി അറസ്റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജാമ്യത്തിലിറങ്ങിയത്. മുറുക്കാന്‍ വാങ്ങാനെത്തിയ വയോധികയെയാണു പീഡിപ്പിച്ചത്. അന്ന് ലോറി ഡ്രൈവറായാണു ഷാഫി പുത്തന്‍കുരിശിലെത്തിയത്. കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലായിരുന്നു വയോധിക.

ഒരേസമയം സിദ്ധനും ഏജന്റുമായി വേഷമിട്ട ഷാഫിയുടെ ഇടപാടുകളത്രയും ദുരൂഹമാണ്. കൊച്ചി നഗരത്തില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് നരബലിക്കായി ഉന്നംവച്ചത്. കൊച്ചി നഗരത്തിലെ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായിരുന്നു ഷാഫിയെന്ന വിവരവും പുറത്തുവരുന്നു. ഷാഫി, റഷീദ് ഇങ്ങനെ വിവിധ പേരുകളിലായിരുന്നു പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയെന്ന കൊടുംക്രിമിനലിന്റെ പകര്‍ന്നാട്ടം.

ഭഗവല്‍ സിങ്ങിനെ വലയിലാക്കാന്‍ ഉപയോഗിച്ചത് ശ്രീദേവിയെന്ന വ്യാജ പ്രൊഫൈലാണ്. സിദ്ധനായി ഭഗവല്‍സിങ്ങിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ റഷീദ് എന്ന പേരാണ് സ്വീകരിച്ചത്. ഒരുവര്‍ഷമായി ഗാന്ധിനഗറിലാണ് ഇയാള്‍ കുടുംബസമേതം താമസിക്കുന്നത്. ഷേണായീസ് റോഡില്‍ ഹോട്ടലിന് പുറമെ ബസും ജീപ്പും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ ഉണ്ട്. ഷാഫിയെ നാട്ടുകാര്‍ക്കും ഭയമായിരുന്നു.

കൊല്ലപ്പെട്ട റോസ്ലിയും പത്മയും ഷാഫിയുടെ കടയില്‍ സ്ഥിരമായി എത്തിയിരുന്നവരാണ്. പത്മയെ കാണാതായപ്പോള്‍ പൊലീസ് തിരഞ്ഞെത്തിയെങ്കിലും സുഹൃത്ത് ബിലാലെന്ന യുവാവിനെ കുടുക്കാനായിരുന്നു ആദ്യ ശ്രമം. നേരത്തെ കളമശേരിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിട്ടുള്ള ഷാഫി വന്‍ തോതില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ബിലാല്‍ വെളിപ്പെടുത്തി. ഇനിയും ദുരൂഹമായ പലയിടപാടുകളും ഷാഫിക്കുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന.