Friday, May 10, 2024
keralaNews

കോടതിയില്‍ മോഷണം : പൊലീസിന്റെയും പ്രോസിക്യൂട്ടറുടെയും പണം മോഷണം പോയി

മലപ്പുറം: അതീവ സുരക്ഷയുള്ള കോടതി കെട്ടിടത്തില്‍ പട്ടാപ്പകല്‍ മോഷണം. പ്രോസിക്യൂട്ടറുടെയും പൊലീസിന്റെയും പണമാണ് മോഷണം പോയത്.മലപ്പുറം ജില്ല കോടതി കെട്ടിടത്തില്‍ പ്രോസിക്യൂട്ടറുടെ ഓഫിസിലാണ് എല്ലാവരെയും ഞെട്ടിച്ച മോഷണം നടന്നത്. സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രോസിക്യൂട്ടറുടെ 5,000 രൂപയും വനിത സിവില്‍ പൊലീസ് ഓഫീസറുടെ കൈവശമുണ്ടായിരുന്ന 500 രൂപയുമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം രാവിലെ 11നും 12നും ഇടയ്ക്കാണ് മോഷണം നടന്നത്. അഡീഷനല്‍ സെഷന്‍സ് കോടതി പ്രോസിക്യൂട്ടറും – പൊലീസ് ഉദ്യോഗസ്ഥയും കോടതിയില്‍ പോയതായിരുന്നു. ഓഫിസിന്റെ വാതില്‍ പൂട്ടിയിരുന്നില്ല. 12 മണിയോടെ ഓഫീസിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പ്രോസിക്യൂട്ടറുടെ പണമടങ്ങിയ ബാഗ് മേശയ്ക്കുള്ളില്‍നിന്നു മേശപ്പുറത്തേക്ക് വലിച്ചിട്ട നിലയില്‍ കണ്ടത്. ബാഗിനുള്ളിലെ സാധനങ്ങളെല്ലം പുറത്ത് വലിച്ചിട്ട നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് പഴ്സിലുണ്ടായിരുന്ന പണമെല്ലാം നഷ്ടപ്പെട്ടത് മനസിലായത്. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടേയും മേശപ്പുറത്തിരുന്ന ബാഗില്‍നിന്നാണ് പണം നഷ്ടമായത്. മറ്റ് രേഖകളൊന്നും മോഷണം പോയിട്ടില്ല. ഓഫീസില്‍ നിരീക്ഷണ ക്യാമറയില്ലാത്തത് ശ്രദ്ധിച്ചാണ് മോഷാടാവ് കോടതി കെട്ടിടത്തില്‍ കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊലീസുകാര്‍ എത്തുന്ന സ്ഥലത്തുനിന്നാണ് മോഷ്ടാവ് വിദഗ്ധമായി പണം അടിച്ചുമാറ്റിയത്. എന്തായലും മോഷണം പൊലീസിനും നാണക്കേടായിരിക്കുകയാണ്.