Friday, May 10, 2024
keralaNewspolitics

മാസപ്പടി വിവാദം; മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സിന് പരാതി നല്‍കി

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വിജിലന്‍സിന് പരാതി നല്‍കി. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ടാണ് കുഴല്‍നാടന്‍ നല്‍കിയത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പിവി എന്നാല്‍ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇനി രണ്ടാം ഘട്ട പോരാട്ടമെന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍ നിയമപോരാട്ടം തുടങ്ങിയെന്നും പറഞ്ഞു. ആരോപണം ഉന്നയിച്ചത് പുകമറ സൃഷ്ടിക്കാനല്ലെന്നും ചോദിച്ച ചോദ്യങ്ങള്‍ക്ക് പിണറായി അടക്കം മറുപടി നല്‍കിയില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ ഉത്തരവില്‍ കാണുന്ന പിവി പരാമര്‍ശം മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെയാണ് പി വി എന്നാല്‍ പിണറായി വിജയന്‍ തന്നെയെന്ന് നിയമപരമായി തെളിയിക്കും എന്ന് മാത്യു കുഴല്‍നാടന്റെ വെല്ലുവിളി. മാസപ്പടി വെറും ആരോപണമല്ല, നടന്നത് വലിയ അഴിമതിയാണ്. അഴിമതി നിരോധന നിയമത്തിന്റെ പരിധിയല്‍ പെടുത്തി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. അതിനാവശ്യമായ രേഖകളും തെളിവുകളും വിജിലന്‍സ് ഡയറക്ടര്‍ ടികെ വിനോദ് കുമാറിന് നേരിട്ട് സമര്‍പ്പിച്ചെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പിവി എന്ന ചുരുക്കപ്പേരിന് അപ്പുറം വീണ വിജയന്റെ പിതാവെന്ന് കൂടി രേഖകളിലുണ്ട്. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ കണ്ടെത്തലുകള്‍ സാധൂകരിക്കുന്ന സിഎംആര്‍എല്‍ സി ഇ ഒയുടെ മൊഴിയുണ്ട്. രേഖകളും മൊഴിപ്പകര്‍പ്പുകളും എല്ലാം സഹിതമാണ് കുഴല്‍നാടന്റെ പരാതി. മാസപ്പടി വിശദാംശങ്ങള്‍ പുറത്ത് വന്നതിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സിപിഎമ്മിനും എതിരെ നിയമസഭക്ക് അകത്തും പുറത്തും മാത്യു കുഴല്‍നാടന്‍ അതിശക്തമായ നിലപാടെടുത്തിരുന്നു.