Saturday, May 4, 2024
keralaNews

കൊല്ലം ഭാരതീപുരത്ത് സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി.

കൊല്ലം ഭാരതീപുരത്ത് രണ്ടര വര്‍ഷം മുമ്പ് സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി.ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതില്‍വീട്ടില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടമാണ് കണ്ടെടുത്തത്. ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഈ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പോലീസ് പരിശോധന നടത്തിയത്.മൃതദേഹം കുഴിച്ചിടാനെന്ന് സംശയിക്കുന്ന ചാക്കും എല്ലിന്‍ കഷ്ണണങ്ങളുമാണ് പോലീസും ഫോറന്‍സിക് വിദഗദ്ധരും പുറത്തെടുത്തത്.

സംഭവത്തില്‍ കൊല്ലപ്പെട്ട ഷാജി പീറ്ററുടെ സഹോദരന്‍ സജിനും അമ്മ പൊന്നമ്മയും അറസ്റ്റിലായിരുന്നു. ഇരുവരും ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടത്. 2018-ലെ തിരുവോണദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്.വീട്ടുമുറ്റത്ത് കിണര്‍ കുഴിച്ചപ്പോള്‍ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്.സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

വഴക്കിനിടെ സജിന്‍ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഷാജി നിലത്തുവീണു. ഇവര്‍ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാല്‍ സംഭവം മറ്റാരും അറിഞ്ഞില്ല.സജിനും അമ്മ പൊന്നമ്മയും ചേര്‍ന്ന് മൃതദേഹം മുറ്റത്തെ കിണറിനുസമീപം കുഴിച്ചിട്ടു. നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവില്‍ കഴിയുന്നത് പതിവായിരുന്നു. ഇടയ്ക്കു മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്.

പല കേസുകളിലും പ്രതിയായിരുന്നതിനാല്‍ പോലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. പോലീസിനെ ഭയന്ന് എവിടെയോ മാറിത്താമസിക്കുന്നുവെന്നാണ് വീട്ടുകാര്‍ പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ കൊലപാതകവിവരവും പരാമര്‍ശിക്കപ്പെട്ടു.

പൊന്നമ്മയില്‍ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു. ഇതുകേട്ട റോയി കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെത്തി സംഭവം വിവരിച്ചു.ഇതേത്തുടര്‍ന്ന് പത്തനംതിട്ട-പുനലൂര്‍ ഡിവൈ.എസ്.പി.മാര്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ചോദ്യം ചെയ്യാനായി പൊന്നമ്മയെയും സജിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.