Wednesday, April 24, 2024
keralaNews

പോലീസ് ചില്‍ഡ്രന്‍സ് ഹോമില്‍ തിരികെയെത്തിച്ച പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: പോലീസ് ചില്‍ഡ്രന്‍സ് ഹോമില്‍ തിരികെയെത്തിച്ച പെണ്‍കുട്ടികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ച കുട്ടികളെ ശനിയാഴ്ച വൈകുന്നേരം തിരിച്ചെത്തിച്ചതിന് പിന്നാലെയാണ് ഇവിടെ  തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ കുട്ടികളിലൊരാള്‍ ജനല്‍ചില്ല് തകര്‍ത്ത് കൈഞരമ്പ് മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കൈ ഞരമ്പ് മുറിച്ച് മരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

റിപ്പബ്ലിക് ദിനത്തിലാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. ഇവരില്‍ ഒരാളെ ബെംഗളൂരുവില്‍ നിന്നും ബാക്കിയുളളവരെ മൈസൂരിനു സമീപത്തുനിന്നും നിലമ്പൂര്‍ എടക്കരയില്‍നിന്നുമായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
കോഴിക്കോട്ടുനിന്ന് ബസില്‍ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനില്‍ ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തെന്നാണ് കുട്ടികള്‍ പോലീസിനോടുപറഞ്ഞത്. സ്ഥലങ്ങള്‍ കാണാനായി പോയെന്നാണ് കുട്ടികളുടെ മൊഴി.
തിരിച്ചെത്തിയ ആറു കുട്ടികളില്‍ ഒരാളെ വീട്ടുകാര്‍ ഏറ്റെടുക്കുമെന്നറിയിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും പോകില്ലെന്നും തങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് പഠിക്കാന്‍ സൗകര്യംചെയ്തു നല്‍കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.