Friday, May 3, 2024
HealthindiakeralaNews

കൊറോണയ്ക്ക് പുറമെ കേരളം എയ്ഡ്സ് വ്യാപനഭീതിയില്‍

ആലുവ: ജോലിക്കും വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഇതരസംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുന്നതും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വര്‍ധിച്ചതോതില്‍ തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നതും എയ്ഡ്സ് വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും പരിശോധനയ്ക്ക് വിധേയമാകുന്നില്ലെന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. കൂടാതെ സ്ഥിരമായ മേല്‍വിലാസമില്ലാത്തതിനാല്‍ ഇവരെ കണ്ടെത്താനാവുന്നില്ല.

സ്ഥിരമായി ഒരേ ഫോണ്‍ ഉപയോഗിക്കാത്തത് തുടര്‍പരിശോധനയ്ക്കു തടസ്സമാകുന്നു. ഇതെല്ലാംഎയ്ഡ്സ് വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. പശ്ചിമബംഗാള്‍, ബീഹാര്‍, ഒറിസ്സ, അസം, ജാര്‍ഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ വിവിധ തൊഴില്‍ മേഖലയില്‍ വ്യാപകമായി ഉള്ളത്. നിര്‍മാണമേഖലയിലും ഹോട്ടല്‍,ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങി ഒട്ടുമിക്ക അസംഘടിത തൊഴില്‍മേഖലയും കൈയ്യടക്കിയത് ഇതരസംസ്ഥാന തൊഴിലാളികളാണ്.

ഇന്ത്യയില്‍ എയ്ഡ്സ് അണുബാധയുടെ സാന്ദ്രത 0.22 ശതമാനമാണ്. കേരളത്തില്‍ ഇത് 0.08 ശതമാനവും. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 494 കേന്ദ്രങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ 148 കേന്ദ്രങ്ങളും സാങ്കേതിക സഹായത്തോടെ സ്വകാര്യമേഖലയില്‍ 109 എണ്ണവും ഉള്‍പ്പെടെ 816 കേന്ദ്രങ്ങള്‍ എയ്ഡ്സ് നിയന്ത്രണത്തിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ രണ്ട് മൊബൈല്‍ ഐസിടിസി കേന്ദ്രങ്ങളും 63 സുരക്ഷാപ്രോജക്ടുകളും പ്രവര്‍ത്തിക്കുന്നു. എയ്ഡ്സ് നിയന്ത്രണ കേന്ദ്രങ്ങളില്‍ എയ്ഡ് കൗണ്‍സലിങ്ങ്, പരിശോധന എന്നിവയാണ് നടക്കുന്നത്. ലോകത്ത് 3.8 കോടി എച്ച്ഐവി ബാധിതര്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ 2020ല്‍ 6900 പേരാണ് എയ്ഡ്സ് ബാധിച്ച് മരിച്ചത്.