Saturday, May 4, 2024
keralaNews

അരിക്കൊമ്പനെ മയക്കുവെടിവെച്ചു.

ഇടുക്കി : ചിന്നക്കനാല്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാന്‍ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്പനെ കണ്ടെത്തി ദൗത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ അരുണ്‍ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൌത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂര്‍ത്തിയാക്കിയത്.ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പനെ പിടികൂടാനുളള ശ്രമകരമായ ദൌത്യം ആരംഭിച്ചത്. ഇന്നലെ ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടില്‍ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കുകയായിരുന്നു.