Monday, May 6, 2024
HealthkeralaNews

കേരളത്തില്‍ നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു

കേരളത്തില്‍ നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത കര്‍ശനമാക്കി കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശങ്ങള്‍. വയനാട്ടില്‍ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മൈസൂരു ആരോഗ്യ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും കര്‍ണാടകയിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ആശ വര്‍ക്കര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അംഗണവാടി പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗവും സംഘടിപ്പിച്ചാണ് ബോധവത്കരണം നല്‍കിയത്. കേരളത്തില്‍ നിന്ന് എത്തുന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കി. കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും വീടുകള്‍ കയറിയുള്ള ബോധവത്കരണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കേരളത്തില്‍ നിന്ന് ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ എത്തുന്ന കോട്ടെ താലൂക്കില്‍ ജാഗ്രത കര്‍ശനമാണ്. ട്രൈബല്‍ വിഭാഗത്തിലുള്ളവരാണ് താലൂക്കില്‍ കൂടുതലും. അതുകൊണ്ട് തന്നെ നിയന്ത്രണവും നിരീക്ഷണവും കൂടുതല്‍ ശക്തമായി പുരോഗമിക്കുകയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.