Monday, April 29, 2024
keralaNews

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെതിരേ പ്രതിഷേധവുമായി ജീവനക്കാര്‍.

കെഎസ്ആര്‍ടിസിയിലെ വ്യാപക ക്രമക്കേട് വാര്‍ത്താസമ്മേളനത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ എംഡി ബിജു പ്രഭാകറിനെതിരേ പ്രതിഷേധവുമായി ജീവനക്കാര്‍. ജീവനക്കാര്‍ക്കെതിരേ എംഡി നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ തെരുവിലിറങ്ങിയത്. ജീവനക്കാര്‍ തിരുവനന്തപുരം കെഎസ്ആര്‍ടിസി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തമ്പാനൂരില്‍നിന്ന് ബിജു പ്രഭാകറിന്റെ ഓഫിസ് സ്ഥിതിചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫിസിലേക്കായിരുന്നു മാര്‍ച്ച്.
കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയുടെ ഭാഗമായ ടിഡിഎഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാര്‍ച്ച് പോലിസ് തടഞ്ഞതോടെ ഓഫിസിനു മുന്നില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബിജു പ്രഭാകര്‍ തൊഴിലാളികളെ അപമാനിച്ചുവെന്നും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തി നടപടിയെടുക്കണമെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് ശശിധരന്‍ പറഞ്ഞു. കെഎസ്ആര്‍ടിസി തങ്ങളുടെ ചോറാണ്. ചോറില്‍ വിഷം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍, ആരായാലും ഏത് മന്നന്‍ ശ്രമിച്ചാലും അനുവദിക്കില്ല. കെഎസ്ആര്‍ടിസിയുടെ എറണാകുളത്തെ ഭൂമി പാട്ടത്തിന് കൈമാറ്റം ചെയ്യുന്നതില്‍ ക്രമക്കേടുണ്ട്.

തിങ്കളാഴ്ച കെഎസ്ആര്‍ടിസിയുടെ എല്ലാ യൂനിറ്റുകള്‍ക്കു മുന്നിലും ടിഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നില്‍ അപഹസിക്കാനാണ് എംഡിയുടെ ശ്രമമെന്ന് സിഐടിയു തിരിച്ചടിച്ചു. എംഡി തന്റെ പ്രസ്താവന തിരുത്തണമെന്നും തിരുത്തിയില്ലെങ്കില്‍ എന്ത് വേണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും സിഐടിയു അംഗീകൃത കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പറഞ്ഞു. എംഡിയുടേത് അനുചിതമായ പ്രസ്താവനയാണെന്ന് എളമരം കരീമും പറഞ്ഞു. എംഡി സ്വന്തം കഴിവുകേട് തൊഴിലാളിക്കു മേല്‍ കെട്ടിവയ്ക്കുകയാണ്. സ്വിഫ്റ്റ് പദ്ധതിയില്‍ ചര്‍ച്ച നടത്തണം.ക്രമക്കേടുണ്ടെങ്കില്‍ കണ്ടെത്തേണ്ടത് മാനേജുമെന്റാണ്. ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കേണ്ടത് തൊഴിലാളിയല്ല മാനേജുമെന്റാണെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. ഇതൊന്നും വാര്‍ത്താസമ്മേളനം നടത്തിയല്ല വിശദീകരിക്കേണ്ടത് എന്നായിരുന്നു എളമരം കരീമിന്റെ മറുപടി. തൊഴിലാളികളുടെ സഹകരണത്തോടെ, അവരെ വിശ്വാസത്തില്‍ എടുത്ത് വേണം മുന്നോട്ടുപോവേണ്ടത്. തൊഴില്‍ പരിഷ്‌കരണം ചര്‍ച്ച ചെയ്തത് വേണം നടപ്പാക്കാന്‍. ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ തൊഴിലാളികളുടെ തലയില്‍ കെട്ടി വയ്ക്കരുത്. ജീവനക്കാരുടെ പേരില്‍ പുകമറ ഉണ്ടാക്കുകയല്ല വേണ്ടത്. പ്രശ്നങ്ങളുണ്ടെങ്കില്‍ നോട്ടീസ് നല്‍കി നിയമപ്രകാരം നടപടിയാണ് എടുക്കേണ്ടത്.എംഡി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ജീവനക്കാര്‍ക്കെതിരേ ബിജു പ്രഭാകര്‍ അതിരൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു. ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുകയാണെന്നും ടിക്കറ്റ് മെഷീനില്‍വരെ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി.