Friday, May 10, 2024
keralaNews

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ മൂവായിരത്തോളം മെമ്പര്‍മാര്‍ നാളെ പരീക്ഷ ഹാളില്‍…

തിരുവനന്തപുരം :സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ മൂവായിരത്തോളം ജനപ്രതിനിധികള്‍ പരീക്ഷ എഴുതാന്‍ നാളെ കോളജുകളിലേക്ക്.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (കില) ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിര്‍വഹണവും’ എന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ആദ്യ ബാച്ചിന്റെ സെമസ്റ്റര്‍ പരീക്ഷയാണ് 28 കോളജുകളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നാളെ രാവിലെ 10.30നു നടക്കുന്നത്.ഏഴായിരം പേരാണു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച കോഴ്‌സിനു റജിസ്റ്റര്‍ ചെയ്തത്. ഉദ്ഘാടന ചടങ്ങില്‍ ആദ്യ വിദ്യാര്‍ഥിയായി ചേര്‍ന്ന തിരുവനന്തപുരം മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സമയക്കുറവു മൂലം പഠനം മുന്നോട്ടു കൊണ്ടുപോകാനായില്ല. പരീക്ഷാഫലം ഈ മാസം വരും. വിജയികള്‍ക്ക് മേയ് 31, ജൂണ്‍ 1 തീയതികളില്‍ കൊല്ലത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന സംസ്ഥാനതല അക്കാദമിക് കൂട്ടായ്മയിലേക്കു ക്ഷണം ലഭിക്കും. ഉന്നത വിജയം നേടുന്ന 10 പേര്‍ക്കു പ്രത്യേക പുരസ്‌കാരവും നല്‍കും.